കോട്ടയം: വേനല്‍ അവധിക്കാലം ആഘോഷമാക്കുകയാണ് വിദ്യാര്‍ഥികള്‍. രാവിലെ എഴുന്നേറ്റ് ബാഗും തൂക്കി സ്കൂളില്‍ പോകേണ്ട. പതിയെ എഴുന്നേറ്റ് കൂട്ടുകൂടി ഇഷ്ടമുള്ള കളികള്‍ കളിച്ച് കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചെലവിടുന്ന സമയമാണ്.
അവധിക്കാലത്ത് ഇത്തവണ കഠിനമായ ചൂടാണെന്ന പ്രശ്നമാണ് കുട്ടികളെ വലയ്ക്കുന്നത്. വേനല്‍ മഴ തുടങ്ങിയതിനാല്‍ ചൂടിനു ചെറിയ ശമനമുണ്ട്. ചൂടിനെ വകവയ്ക്കാതെയും വെയില് കുറയുമ്പോഴേക്കും പാടത്തും പറമ്പിലും എത്തുന്നവരുമുണ്ട്. പന്തുകളിയാണ് പ്രധാന വിനോദം. കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ പെയ്തതോടെ മഴ നനഞ്ഞു കളിക്കുന്നവരും കുറവല്ല. ഇനി സ്കൂള്‍ തുറക്കാന്‍ അധികം നാളുകളില്ല. അതിനാല്‍ ചുരുങ്ങിയ ദിവസം പരമാവധി ആര്ത്തുല്ലസിക്കാനാണ് കുട്ടികളുടെ തീരുമാനം.
അവധിക്കാലം വെറുതേ റീല്‍ കാണാനും സാമൂഹ്യ മാധ്യമങ്ങളിലും മാത്രം സമയം ചെലവിടാതെ വ്യത്യസ്ത മേഖലകളിലേക്ക് തിരിയാനും കുട്ടികള്‍ സമയം കണ്ടെത്തുന്നുണ്ട്. സംഗീതം പഠിക്കാനും നൃത്തം അഭ്യസിക്കാനും എഐ ഉള്‍പ്പെടെയുള്ളവയുടെ സാധ്യതകള്‍ മനസിലാക്കാനും വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്സുകളില്‍ കുട്ടികള്‍ ചേര്‍ന്നിട്ടുണ്ട്. എന്‍ജിനിയറിംഗ്, മെഡിസിന് എന്നിവ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടികള്‍ അതിനു മുന്നോടിയായിട്ടുള്ള ക്രാഷ് കോഴ്സുകളില്‍ പഠനത്തിനായിട്ടാണ് സമയം കണ്ടെത്തിയിരിക്കുന്നത്.
സ്കൂളുകളിലെ കായിക വിഭാഗം കുട്ടികള്‍ക്കായി അവധിക്കാലത്ത് ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, അത്ലറ്റിക് എന്നിവയില്‍ രാവിലെയും വൈകുന്നേരവും പരിശീലനം നല്‍കുന്നുണ്ട്. ഇതിലും ധാരാളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലും പോകാനാണ് ചില കുട്ടികള്‍ക്ക് താത്പര്യം. മാതാപിതാക്കളോടൊപ്പമാണ് കുട്ടികളുടെ ഇഷ്ട കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍. ഇഷ്ട താരങ്ങളുടെ സിനിമകള്‍ കാണുന്നതിനും കുട്ടികള്‍ സമയം കണ്ടെത്തുന്നു.
അവധിക്കാലത്തെ വിനോദങ്ങളെല്ലാം കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കും. വിശപ്പ്, ദാഹം, ഉറക്കം എന്നിവയെ സഹായിക്കും. വെയിലിലും മഴയിലും മണ്ണിലും കളിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും. കൂട്ടുകൂടി കളിക്കുമ്പോള്‍ പരസ്പരം മനസിലാക്കാനും തോറ്റു കൊടുക്കാനും തോല്‍വിയെ നേരിടാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇടയാക്കും. അനുസരണം, അംഗീകാരം, നേതൃത്വഗുണം എന്നിവയൊക്കെ ജീവിതത്തില്‍ വന്നുചേരുന്നത് കൂട്ടുചേര്‍ന്നുള്ള കളികളിലൂടെയാണ്.